പ്രകാശം പുല്‍കിയ പ്രമുഖര്‍

മതപരിവര്‍ത്തനത്തിന്റെ സാമൂഹിക തലം അന്വേഷിക്കേണ്ടത്‌ islam1ശീലിച്ചുപോന്ന മതത്തിന്റെ ജീര്‍ണതയിലും ആശ്ലേഷിക്കുന്ന മതത്തിന്റെ ആശ്വാസത്തിലുമാണ്‌. ഇന്നലെ വരെ ജീവിച്ചുപോന്നിരുന്ന വ്യക്തിത്വത്തെ മാറ്റിനിര്‍ത്താന്‍ പല പ്രചോദനങ്ങളുമുണ്ടാകാം. ഇസ്‌്‌ലാം മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെ ചോദനം ബഹുഭൂരിഭാഗത്തിനും മോക്ഷത്തിന്റെ മാര്‍ഗം എന്നതാണ്‌. പ്രവാചക ചരിത്രങ്ങളില്‍ ഇതിന്റെ മികവുറ്റ ഉദാഹരണങ്ങള്‍ അനവധിയാണ്‌.

മുഹമ്മദ്‌ നബി(സ)യുടെ പ്രബോധന ജീവിതത്തിന്റെ ആരംഭകാലത്ത്‌ മുസ്‌്‌ലിംകള്‍ക്ക്‌ ജാജ്വല പ്രഭ നല്‍കുന്ന വിധത്തില്‍ ഇസ്‌്‌ലാമിലേക്ക്‌ കടന്നുവന്ന ഉമറിന്റെ(റ) ചരിത്രം അതില്‍ മികച്ചുനില്‍ക്കുന്നു.

പ്രവാചകനെ വിമര്‍ശിക്കാന്‍ പുറത്തെടുത്ത നാവ്‌ കൊണ്ട്‌ അശ്‌ഹദു ചൊല്ലിയ അന്നത്തെ അറബി സാഹിത്യത്തിലെ വിശാരദന്മാരും നബിയെ വധിക്കാന്‍ ഊരിയെടുത്ത വാള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നതിന്‌ മിനുസ്സപ്പെടുത്തിയവരും ചരിത്രത്തിലെ സുവര്‍ണ അധ്യായങ്ങളാണ്‌. ഈ ചരിത്രം ഇന്നും അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയ കാലത്ത,്‌ മനുഷ്യ വിമോചനങ്ങള്‍ക്കായി ദിനം പ്രതി പ്രത്യക്ഷപ്പെടുന്ന ഇസങ്ങളെയെല്ലാം മറികടന്നുകൊണ്ട്‌ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മതമായി ഇസ്‌്‌ലാം മാറിയിരിക്കുകയാണ്‌. 2001 സപ്‌തംബര്‍ 11-ന്‌ ശേഷമുള്ള ലോകരാഷ്‌ട്രീയത്തിന്റെ ഘടനയും സാമൂഹിക വ്യവസ്ഥിതിയും അതിന്‌ പുതിയ ഭാവവും രൂപവും നല്‍കുന്നു. അക്കാദമിക്‌ ബുദ്ധിജീവികളും ടെലിവിഷന്‍-സിനിമ രംഗത്തെ സെലിബ്രിറ്റികളും സാംസ്‌കാരിക-കായിക-കലാ രംഗത്തെ അതികായന്മാരും ഇസ്‌ലാമിനെ ആശ്ലേഷിക്കുവാന്‍ ധൃതി കാണിക്കുകയാണ്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഇസ്‌ലാമിലേക്ക്‌ കടന്നുവന്ന പ്രമുഖര്‍ അനവധിയാണ്‌. ലോകപ്രശസ്‌തരല്ലാത്ത എണ്ണമറ്റ ആളുകള്‍ ഇസ്‌ലാമിനെ ഇതിനകം തന്നെ അവംലംബമായി സ്വീകരിച്ചിട്ടുണ്ട്‌. പ്രമുഖരായ ചിലരുടെ ഇസ്‌ലാമിനോടുള്ള അഭിനിവേശവും ആവേശവും ഇവിടെ വായിച്ചെടുക്കാം.അര്‍നോഡ്‌ വാന്‍ഡൂന്‍
പോയ വര്‍ഷത്തില്‍ ഇസ്‌്‌ലാമിലേക്ക്‌ കടന്നുവന്ന പ്രമുഖരില്‍ ഒരാളാണ്‌ അര്‍നോഡ്‌ വാന്‍ഡൂന്‍. ശക്തനായ ഇസ്‌്‌ലാമിക വിമര്‍ശകനും 2008-ല്‍ പ്രവാചകനേയും ഇസ്‌്‌ലാമിനേയും വിമര്‍ശിച്ചുകൊണ്ട്‌ ഫിത്‌ന എന്ന സിനിമ നിര്‍മിക്കുകയും ചെയ്‌ത ഡച്ചുകാരനാണദ്ദേഹം. ഇസ്‌്‌ലാം മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ പ്രസ്‌തുത സിനിമക്കെതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമുണ്ടായി. ഇത്രയേറെ വിമര്‍ശിക്കപ്പെടാന്‍ മാത്രം തന്റെ സിനിമ എന്തു അടിസ്ഥാന രാഹിത്യമാണ്‌ പ്രമേയമാക്കിയതെന്ന അന്വേഷണം ഇസ്‌്‌ലാമിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുന്നതിന്‌ കാരണമായി.
തനിക്ക്‌ ഇസ്‌്‌ലാമിനെക്കുറിച്ച്‌ നെഗറ്റീവായ ധാരണകള്‍ മാത്രമേ ഉണ്ടായിരിന്നുള്ളൂവെന്നും ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ ഇസ്‌്‌ലാമിന്റെ സൗന്ദര്യവും യുക്തി ഭദ്രതയും ബോധ്യപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം മുസ്‌്‌ലിമായതിന്‌ ശേഷം നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്‌. നെതര്‍ലാന്റില്‍ ഗീര്‍റ്റ്‌ വില്‍ഡര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇസ്‌്‌ലാമിനും മുസ്‌്‌ലിംകള്‍ക്കെതിരെയും വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഈ പാര്‍ട്ടി, ഖുര്‍ആനിനെ ഹിറ്റ്‌ലറുടെ മെയിന്‍കാംഫുമായി താരതമ്യം ചെയ്‌ത്‌ നെതര്‍ലാന്റില്‍ അതിന്‌ നിരോധനമേര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ക്രിസ്‌തു മത വിശ്വാസിയായതുകൊണ്ട്‌ സ്വാഭാവികമായും ലഭിച്ച മതകീയ ധാരണകളും പാര്‍ട്ടി ഫോര്‍ ഫ്രീഡം അഴിച്ചുവിട്ട ഇസ്‌്‌ലാം വിമര്‍ശനങ്ങളുമായിരുന്നു ഫിത്‌ന എന്ന സിനിമ നിര്‍മിക്കുമ്പോള്‍ അര്‍നോഡിനുണ്ടായിരുന്ന മുതല്‍ക്കൂട്ട്‌. ഇതു രണ്ടും തന്റെ ഇസ്‌്‌ലാം മതാശ്ലേഷണത്തിന്‌ കാരണമായി എന്നും അദ്ദേഹം പറയുന്നു. കാരണം, ക്രിസ്‌തു മതത്തില്‍ അറിവുള്ള ഒരാള്‍ക്ക്‌ പൂര്‍വമതത്തിലേക്ക്‌ മടങ്ങാന്‍ വേഗം സാധിക്കും, അയാളുടെ അറിവന്വേഷണം നിലക്കുന്നില്ലെങ്കില്‍. അതുപോലെ നിരന്തരമായി വിമര്‍ശനത്തിന്‌ വിധേയമാകുന്ന ഒന്നിനെ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുക എന്നത്‌ സ്വതന്ത്രമായി പഠന-മനനങ്ങള്‍ നടത്തുന്നവരുടെ സവിശേഷതയാണ്‌.

ഇദ്‌രീസ്‌ തൗഫീഖ്‌
കൈറോയിലെ അല്‍ അസ്‌ഹര്‍ സര്‍വകലാശാലയിലെ അധ്യാപകനാണ്‌ ഇദ്‌രീസ്‌ തൗഫീഖ്‌. ഇംഗ്ലീഷ്‌ സാഹിത്യത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദങ്ങള്‍ നേടിയിട്ടുള്ള ഇദ്‌രീസ്‌ ദീര്‍ഘകാലം റോമന്‍ കത്തോലിക്ക വിഭാഗത്തിലെ ഉയര്‍ന്ന പദവിയിലുള്ള പുരോഹിതനായിരുന്നു. ബ്രിട്ടനിലെ വിവിധ സെമിനാരികളില്‍ പഠിപ്പിച്ചിരുന്ന അദ്ദേഹം ക്ലാസിനിടക്ക്‌ ഖുര്‍ആന്‍ വചനങ്ങളും ഉദ്ധരിക്കുക പതിവായിരുന്നു. `ഞങ്ങള്‍ കൃസ്‌ത്യാനികളാകുന്നു എന്നു പറഞ്ഞവരാണ്‌ ജനങ്ങളില്‍ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്ന്‌ നിനക്ക്‌ കാണാം, അവരില്‍ മതപണ്ഡിതരും സന്യാസികളും ഉണ്ടെന്നതും അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന്‌ കാരണം’ എന്ന സൂറ: മാഇദയിലെ 82-ാമത്തെ വചനം വിദ്യാര്‍ഥികള്‍ക്ക്‌ മുമ്പില്‍ വായിച്ചപ്പോള്‍ ഒരു നിമിഷം അദ്ദേഹം തന്നെ സ്‌തബ്‌ധനായി. ഈ വചനം ഇസ്‌്‌ലാമിനെക്കുറിച്ച്‌ കൃസ്‌തീയ പുരോഹിതന്മാര്‍ക്കുണ്ടായിരുന്ന പാരമ്പര്യ ധാരണകളെ തകിടം മറിക്കുന്നതായിരുന്നു. അദ്ദേഹം ഇസ്‌്‌ലാമിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. അതിനിടെ ഈജിപ്‌തിലേക്കുള്ള യാത്രയും കൈറോയില്‍ മുസ്‌്‌ലിം പണ്ഡിതരെ സന്ദര്‍ശിക്കാനുള്ള അവസരവും ഇസ്‌്‌ലാമിലേക്കുള്ള യാത്ര വേഗത്തിലാക്കി. അതിന്‌ മുമ്പ്‌ അദ്ദേഹത്തിന്‌ വത്തിക്കാനിലെ ഒരുയര്‍ന്ന കൃസ്‌തീയ സെമിനാരിയില്‍ അധ്യാപകനായി നിയമനം ലഭിച്ചിരുന്നു. ഇസ്‌്‌ലാമിലേക്ക്‌ ആകൃഷ്ടനായതോടെ ആ ജോലി ഉപേക്ഷിക്കുകയും വീണ്ടും ഈജിപ്‌തിലേക്ക്‌ യാത്ര തിരിക്കുകയും ഇസ്‌്‌ലാം മതം സ്വീകരിക്കുകയും ചെയ്‌തു. ഒരു മികച്ച പ്രഭാഷകനായ ഇദ്‌രീസ്‌ നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ്‌. ഗാര്‍ഡന്‍ ഡിലൈറ്റ്‌, ടോക്കിംഗ്‌ ടു യംഗ്‌ മുസ്‌ലിം, കാളിംഗ്‌ അദേര്‍സ്‌ ടു ഇസ്‌ലാം, ഗിഫ്‌റ്റ്‌ ഓഫ്‌ ദ നൈല്‍: ലാന്റ്‌ ഓഫ്‌ ഫൈത്ത്‌ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്‌. ഈജിപ്‌ഷ്യന്‍ മെയിലില്‍ സ്ഥിരം കോളമിസ്‌റ്റായ അദ്ദേഹം, റേഡിയോ കൈറോയിലെ പ്രഭാഷകനും മുസ്‌ലിം സമ്മേളന വേദികളില്‍ സ്ഥിര സാന്നിധ്യവുമാണ്‌. (ഐ എസ്‌ എം സംസ്ഥാന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം കേരളം സന്ദര്‍ശിച്ചിരുന്നു.)
അബ്ദുല്ലത്തീഫ്‌ അബ്ദുല്ല
1998-ല്‍ ന്യൂയോര്‍ക്ക്‌ സിറ്റി കോളെജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്‌ പ്രൊട്ടസ്റ്റന്റ്‌ ക്രി്യസ്‌ത്യാനിയായിരുന്ന സ്റ്റീവന്‍ എറിക്‌ ക്രോസ്‌ ഇസ്‌ലാം മതത്തില്‍ ആകൃഷ്‌ടനാകുന്നത്‌. ആത്മീയതയുടെ സത്ത അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ തന്റെ ഹോസ്‌റ്റല്‍ റൂമിലെ സുഹൃത്ത്‌ മലേഷ്യന്‍ കായിക രൂപമായ സിലാത്ത്‌ അഭ്യസിക്കുന്നതായി വിവരം ലഭിക്കുന്നത്‌. മലേഷ്യയിലെ ഇസ്‌ലാമിക സംസ്‌കാരത്തോട്‌ ഏറെ സാമ്യത പുലര്‍ത്തുന്ന ഈ കായിക രൂപം അദ്ദേഹത്തെ ഇസ്‌്‌ലാം മതത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുന്നതിന്‌ പ്രേരകമായി. മാര്‍ഷ്യല്‍ ആര്‍ട്‌സിലൂടെ ഇസ്‌്‌ലാം മതത്തിലേക്ക്‌ എന്നാണ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷണത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌.
എന്തുകൊണ്ട്‌ എനിക്ക്‌ ദൈവത്തോട്‌ നേരിട്ട്‌ പ്രാര്‍ഥിച്ചുകൂടാ?, സിലാത്ത്‌ പോലുള്ള കലകള്‍ തുടങ്ങുമ്പാള്‍ ക്രിസ്‌തുവിന്റെ നാമത്തില്‍ എന്ന്‌ എന്തുകൊണ്ട്‌ പറയാന്‍ സാധിക്കുന്നില്ല തുടങ്ങിയ അന്വേഷണങ്ങളാണ്‌ ഇസ്‌്‌ലാമിന്റെ ഏകദൈവ സിദ്ധാന്തത്തിലേക്കും ബിസ്‌മില്ലാഹിയുടെ ആത്മധൈര്യത്തിലേക്കും അദ്ദേഹത്തെ എത്തിച്ചത്‌. തൊട്ടടുത്ത വര്‍ഷത്തിലെ വേനലവധിയുടെ സമയത്ത്‌ മലേഷ്യക്കാരനായ കായികാധ്യപകന്റെ കൂടെ മുഴുവന്‍ സമയം സിലാത്ത്‌ പരിശീലനത്തില്‍ വ്യാപൃതനാവുകയും അദ്ദേഹത്തില്‍ നിന്ന്‌ ഇസ്‌്‌ലാം മതത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുകയും ചെയ്‌തു.
മുസ്‌്‌ലിമായതിന്റെ ആദ്യനാളുകളില്‍ അതിന്റെ വൈവിധ്യങ്ങള്‍ തന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നുവെന്നും എന്നാല്‍ പിന്നീട്‌ കാര്യങ്ങള്‍ മനസ്സിലായതോടെ മതം തനിക്ക്‌ ശക്തിയും പ്രചോദനവുമായി മാറുകയായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പരിചയിച്ച സംസ്‌കാരത്തെ മാറ്റിപ്പണിയാനും ദൈനംദിന ജീവിതത്തിലെ മതകല്‍പനകളുമായിരുന്നു തുടക്കത്തില്‍ അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധികള്‍. ഇപ്പോള്‍ സാമൂഹ്യ ശാസ്‌ത്ര മേഖലയില്‍ മൗലികമായ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അബ്ദുല്‍ലത്തീഫ്‌ അബ്ദുല്ല, ഇസ്‌്‌ലാമികാധ്യാപനങ്ങള്‍ തന്റെ ഗവേഷണത്തിന്‌ പുതിയ മാനവും ഭാവവും നല്‍കുന്നുവെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു.
അമീര്‍ ജുനൈദ്‌ മുഹാദിത്‌
അമേരിക്കയിലെ റാപ്പര്‍ സംഗീതത്തില്‍ പ്രഗത്ഭനായിരുന്ന ചോന്‍സി ലാമന്റ്‌ ഹോകിന്‍സ്‌, ലൂണ്‍ എന്ന പേരിലായിരുന്നു റാപ്പര്‍മാര്‍ക്കിടയില്‍ 2009-ന്‌ മുമ്പ്‌ അറിയപ്പെട്ടിരുന്നത്‌. 2001-ല്‍ അമേരിക്കയില്‍ തരംഗം സൃഷ്ടിച്ച ഐ നീഡ്‌ എ ഗേള്‍ എന്ന ഹിപ്പഹോപ്പ്‌ ആല്‍ബത്തിന്റെ സംവിധായകന്‍ അദ്ദേഹമായിരുന്നു. 2009-ല്‍ ഇസ്‌്‌ലാം മതം സ്വീകരിക്കുകയും അമീര്‍ ജുനൈദ്‌ മുഹാദിത്‌ എന്ന പേര്‌ സ്വീകരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഉംറ നിര്‍വഹിക്കുന്നതിന്‌ വേണ്ടി മക്കയില്‍ പോവുകയും ആത്മീയതയുടെ തീര്‍ഥയാത്ര ഏറെ ആസ്വദിക്കുകയും ചെയ്‌തു. തന്റെ കുടുംബത്തെ കൂടി ഈ സത്യമതത്തിലേക്ക്‌ ക്ഷണിക്കുകയും പിന്നീട്‌ കുടുംബസമേതം അല്‍ജീരിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ഇസ്‌്‌ലാം മതം നല്‍കുന്ന സുരക്ഷിതത്വവും സമാധാനവും പ്രചരിപ്പിക്കുന്നതിന്‌ വേണ്ടി പ്രബോധന സംരംഭങ്ങളില്‍ നിരതനാകുകയും ചെയ്‌തു. മുസ്‌്‌ലിമായതിന്‌ ശേഷം, അല്‍ജസീറക്ക്‌ നല്‍കിയ അഭിമുഖത്തിലും ലണ്ടന്‍ ബ്രിക്‌സ്‌ മസ്‌ജിദില്‍ നടത്തിയ അഭിമുഖ സംഭാഷണത്തിലും അദ്ദേഹത്തിന്റെ മതപരിവര്‍ത്തന ചോദനകളെക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്‌.
യിവോണ്‍ റിഡ്‌ലി
ബ്രിട്ടനിലെ ഇടതുപക്ഷ പ്രസ്ഥാനമായ റെസ്‌പെക്ട്‌ പാര്‍ടി നേതാവും പത്രപ്രവര്‍ത്തകയുമായ യിവോണ്‍ റിഡ്‌ലി മുസ്‌ലിമാകുന്നത്‌ 2003ലാണ്‌. അമേരിക്കയുടെ അഫ്‌ഗാന്‍ അധിനിവേശ കാലത്ത്‌ സണ്‍ഡേ എക്‌സ്‌പ്രസ്‌ പത്രത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിനിടെയാണ്‌ താലിബാന്‍ പിടിയാലകപ്പെട്ടു. അഫ്‌ഗാനിലേക്കുള്ള വിസ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ബി ബി സി റിപ്പോര്‍ട്ടര്‍ ജോണ്‍ സിംപ്‌സണ്‍ ചെയ്‌തതുപോലെ ബുര്‍ഖ ധരിച്ച്‌ മുഖം മറച്ചുകൊണ്ടാണ്‌ അവര്‍ അഫ്‌ഗാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ മുറിച്ചു കടന്നത്‌. താലിബാന്റെ തടവറയില്‍ നിന്ന്‌ മോചിതയായ ശേഷം ഇസ്‌ലാമിനെക്കുറിച്ച്‌ പഠിക്കാന്‍ തീരുമാനമെടുക്കുകയും ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന സ്‌ത്രീ സ്വാതന്ത്ര്യത്തില്‍ ആകൃഷ്‌ടയാവുകയും ചെയ്‌തു. 2003-ല്‍ ഇസ്‌ലാം മതം സ്വീകരിച്ചു.
താലിബാന്‍ പ്രവര്‍ത്തകരുടെ തീവ്രവാദത്തിന്‌ യാതൊരു ന്യായീകരണവും ഖുര്‍ആനിലില്ലെന്നും സ്‌ത്രീ സ്വാതന്ത്രത്തിന്‌ ലോകത്തിനുള്ള മാഗ്‌്‌നാകാര്‍ട്ടയാണ്‌ ഖുര്‍ആനെന്നും റിഡ്‌ലി പറയുന്നു. 2004 ല്‍ ബിബിസി റിലീജ്യന്‍ സൈറ്റ്‌ യിവോണ്‍ റിഡ്‌്‌ലിയുടെ മതം മാറ്റത്തെക്കുറിച്ച്‌ പ്രത്യേക ഫീച്ചര്‍ തയ്യാറാക്കിയിരുന്നു. ഇന്‍ ദ ഹാന്‍ഡ്‌സ്‌ ഓഫ്‌ താലിബാന്‍, ടിക്കറ്റ്‌ ടു പാരഡൈസ്‌ എന്നിവ കൃതികളാണ്‌. സയണിസത്തിനെതിരായും പാശ്ചാത്യ മാധ്യമങ്ങളുടെ വാര്‍പ്പുമാതൃക തീര്‍ത്തുകൊണ്ടുള്ള പ്രചരണങ്ങള്‍ക്കെതിരായും ശക്തമായി രംഗത്ത്‌ വരുന്ന റിഡ്‌ലി ഇപ്പോള്‍ പ്രസ്സ്‌ ടി വിയില്‍ ജോലി ചെയ്യുന്നു.
മിറിയം ഫ്രാന്‍സുവാ
`എന്റെ മുസ്‌്‌ലിം സുഹൃത്തുക്കളെ വിമര്‍ശിക്കുന്നതിന്‌ വേണ്ടിയാണ്‌ ഞാന്‍ ഖുര്‍ആന്‍ വായിച്ചുതുടങ്ങിയത്‌. എന്നാല്‍ പിന്നീടത്‌ തുറന്ന മനസ്സോടെ പാരായണം ചെയ്യാന്‍ തുടങ്ങുകയും അത്‌ മനസ്സിന്‌ വല്ലാത്ത സന്തോഷം നല്‍കുകയും ചെയ്‌തു.’ ബ്രിട്ടീഷ്‌ എഴുത്തുകാരിയും നടിയുമായ മിറിയം ഫ്രാന്‍സുവാ സേറയുടെ വാക്കുകളാണിത്‌. 2003-ലാണ്‌ അവര്‍ ഇസ്‌ലാം ആശ്ലേഷണം നടത്തുന്നത്‌. കാംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെയാണ്‌ ഖുര്‍ആന്‍ വായിക്കാന്‍ അവസരം ലഭിക്കുന്നത്‌. സോഷ്യല്‍ സയന്‍സില്‍ ബിരുദം കരസ്ഥമാക്കി യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ അവര്‍ പുറത്തിറങ്ങുമ്പോള്‍ പൂര്‍ണമായും ഇസ്‌്‌ലാമിന്‌ കീഴൊതുങ്ങിയിരുന്നു. തണുപ്പില്‍ നിന്ന്‌ രക്ഷ നേടാന്‍ ധരിച്ചിരുന്ന സ്‌കാര്‍ഫ്‌ ശൈത്യകാലത്തിന്‌ ശേഷവും ധരി്‌ച്ചുകൊണ്ടാണ്‌ താന്‍ മുസ്‌്‌ലിമായ വിവരം അവര്‍ സുഹത്തുക്കളെ അറിയിക്കുന്നത്‌. താന്‍ സ്വീകരിച്ചിരിക്കുന്നത്‌ ഒരു പുതിയ മതമല്ല എന്നും മുന്‍ വേദങ്ങളെയും സമുദായങ്ങളെയും പരിഗണിച്ചുകൊണ്ട്‌ തുടര്‍ന്നുവന്ന വിശ്വാസ സംഹിതകളുടെ അന്തിമ രൂപത്തേയാണെന്നും അവര്‍ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങളില്‍ ഇസ്‌്‌ലാമിനെ പ്രതിനിധീകരിച്ച്‌ പ്രത്യക്ഷപ്പെടാറുള്ള മിറിയം, നിലവില്‍ ഓക്‌സഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി ഇസ്‌്‌ലാമിക്‌ സൊസൈറ്റിയുടെ വാക്താവ്‌ കൂടിയാണ്‌.
ഫ്രാങ്ക്‌ റിബറിയും
മുസ്‌തഫ മുഹമ്മദും
കായിക രംഗത്ത്‌ നിന്ന്‌ ഇസ്‌ലാം മതത്തിലേക്ക്‌ ഈയിടെ കടന്നുവന്നവരില്‍ രണ്ട്‌ ഫുട്‌ബോളര്‍മാരുമുണ്ട്‌. ഫ്രഞ്ച്‌ താരം ഫ്രാങ്ക്‌ റിബറി ഇന്ന്‌ ബിലാല്‍ യൂസുഫ്‌ മുഹമ്മദാണ്‌. ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണികിലെ ലെഫ്‌റ്റ്‌ സൈഡ്‌ വിംഗറായ അദ്ദേഹം ഫുട്‌ബോള്‍ മൈതാനിയിലെ ചടുലതയുടേയും തന്ത്രത്തിന്റെയും പ്രതീകമായാണ്‌ അറിയപ്പെടുന്നത്‌. ഫ്രഞ്ച്‌ ഫുട്‌ബോളിന്റെ അമൂല്യമായ ആഭരണമെന്നാണ്‌ അദ്ദേഹത്തെ പ്രശസ്‌ത ഫുട്‌ബോളര്‍ സിനദിന്‍ സിദാന്‍ വിശേഷിപ്പിക്കുന്നത്‌.
2006 ല്‍ തുര്‍ക്കിയിലേക്കുള്ള യാത്രക്ക്‌ തൊട്ടുമുമ്പാണ്‌ അദ്ദേഹം ഇസ്‌്‌ലാം മതം സ്വീകരിക്കുന്നത്‌. തന്റെ മതം മാറ്റം തനിക്ക്‌ കളിയില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും ജീവിതത്തിന്‌ പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണെന്നും അദ്ദേഹം ഒരഭിമുഖത്തില്‍ പറയുന്നുണ്ട്‌. മുന്‍ നൈജീരിയന്‍ ഫുട്‌ബോള്‍ താരവും ഇപ്പോള്‍ മുഹമ്മദന്‍ സ്‌പോര്‍ടിംഗ്‌ ക്ലബ്ബിന്റെ കോച്ചുമായ എമേക്ക എസൂഗോ ഇസ്‌്‌ലാം മതത്തില്‍ ആകൃഷ്ടനാകുന്നത്‌ പ്രവാചകന്‍ മുഹമ്മദിന്റെ (സ) ജീവിത ചരിത്രം വായിച്ചാണ്‌. റോമന്‍ കത്തോലിക്ക ചര്‍ച്ചിന്റെ കീഴില്‍ വരുന്ന തന്റെ കുടുംബം അദ്ദേഹത്തിന്റെ മതപരിവര്‍ത്തനത്തിന്‌ തടസ്സം നില്‍ക്കുകയും ചെയ്‌തില്ല. അങ്ങനെ അദ്ദേഹം മുസ്‌തഫ മുഹമ്മദായി മാറുകയായിരുന്നു. തന്റെ ജീവിതത്തിന്‌ വഴിത്തിരിവ്‌ നല്‍കിയ ബംഗ്ലാദേശിനെ രണ്ടാം മാതൃരാജ്യമായാണ്‌ അദ്ദേഹം കാണുന്നത്‌. ജീവിതത്തെ കൂടുതല്‍ ഒതുക്കത്തോടെയും അച്ചടക്കത്തോടെയും മേയ്‌ക്കുവാന്‍ ഇസ്‌്‌ലാം തുണയാകുന്നുവെന്നാണ്‌ അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തല്‍.

സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍

(Shabab Weekly)

Related Post