ആകാശം ആദരിച്ച അതിഥിയെ നമുക്ക് ഭൂമിയില്‍ സ്വീകരിച്ചുകൂടെ ?

ramadan-2013-2

റമദാനെന്ന അനുഗ്രഹീത മാസം

കാലം മുഴുക്കെ തിളങ്ങി നില്‍ക്കാന്‍ മാത്രം ആദരണീയതയുള്ളത് ആര്‍ക്കാണ്? ആരുടെ ആഗമനത്തിലാണ് ആകാശവും ഭൂമിയും ആഘോഷിച്ചിട്ടുള്ളത്? മുള്ളുകളെയും മാലിന്യങ്ങളെയും തുടച്ചുനീക്കി അലങ്കരിക്കപ്പെട്ട മുറ്റമൊരുക്കിയത് ആര്‍ക്ക് വേണ്ടിയാണ്? സ്വാഗതമാശംസിക്കുന്നതിനായി പ്രഭാഷകര്‍ മത്സരിച്ച ആ അതിഥിയാരാണ് ?
റമദാനെന്ന അനുഗ്രഹീത മാസം മാത്രമാണ് അത്. ഭൂമിയില്‍ വിശ്വാസികള്‍ മാസങ്ങള്‍ക്കുമുമ്പേ അതിന്റെ വരവും കാത്തിരിക്കുന്നു. അനസ് ബിന്‍ മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബിതിരുമേനി(സ) റജബ് പ്രവേശിച്ചാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു ‘അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും റമദാന്‍ എത്തിക്കുകയും ചെയ്യേണമേ. റമദാന്റെ പൊന്‍പിറ ആകാശത്ത് പ്രകാശം പരത്തിയാല്‍ നബിതിരുമേനി(സ) ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു (അല്ലാഹുവേ, നിര്‍ഭയത്വത്തോടും വിശ്വാസത്തോടും, സമാധാനത്തോടും കീഴ്‌വണക്കത്തോടും നീയതിനെ ഞങ്ങള്‍ക്ക് മേല്‍ ഉദിപ്പിക്കേണമേ).
ഉയര്‍ന്നുനില്‍ക്കുന്ന ആകാശങ്ങളും, മനോഹരമായ സ്വര്‍ഗീയാരാമവും വിശുദ്ധരായ മാലാഖമാരും അഭിമാനം കൊള്ളുന്ന അതിഥിയാണ് റമദാന്‍. അവയെല്ലാം അല്ലാഹുവിന്റെ അനുവാദത്തോടെ റമദാനില്‍ പ്രത്യേകമായ ആഘോഷം തുടങ്ങുകയായി. സ്വര്‍ഗം അതിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്ന് റമദാന് സ്വാഗതമാശംസിക്കുന്നു. നരകകവാടങ്ങള്‍ അടക്കപ്പെടുന്നു. എല്ലാ ദിവസവും ലോകതമ്പുരാനായ നാഥന്‍ തന്റെ സ്വര്‍ഗത്തെ അലങ്കരിക്കുന്നു. അവന്‍ അതിനോട് പറയും ‘എന്റെ സദ്‌വൃത്തരായ അടിമകള്‍ പ്രയാസവും വിഷമവും സഹിച്ചതിനുശേഷം നിന്റെ അടുത്തേക്ക് വരുന്നതാണ്’.
നോമ്പുകാരുടെ വഴിയില്‍ നിന്ന് മുള്ളുകളും മാലിന്യങ്ങളും നീക്കപ്പെടുന്നു. പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും നോമ്പുകാര്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം നല്കുകയും ചെയ്യുന്നു.
നബിതിരുമേനി(സ) പറയുന്നു:’ ‘റമദാന്റെ ആദ്യരാവ് എത്തുന്നതോടെ പിശാചുക്കള്‍ ബന്ധിക്കപ്പെടുന്നു. നരകകവാടങ്ങള്‍ പൂര്‍ണമായി അടക്കപ്പെടുകയും സ്വര്‍ഗ കവാടങ്ങള്‍ എല്ലാം തുറക്കപ്പെടുകയും ചെയ്യും. മാലാഖമാര്‍ വിളിച്ച് പറയും ‘നന്മേഛുക്കള്‍ക്ക് സ്വാഗതം, തിന്മ കാംക്ഷിക്കുന്നവര്‍ക്ക് മടങ്ങിപ്പോകാം).
രാജാധിരാജന്‍ തന്റെ അടിമകള്‍ക്ക് മേല്‍ സമ്മാനങ്ങള്‍ വര്‍ഷിക്കുന്നു. ‘അവര്‍ക്ക് കാരുണ്യം ചൊരിയുകയും അവരുടെ പാപങ്ങള്‍ പൊറുക്കുകയും പ്രാര്‍ത്ഥന സ്വീകരിക്കുകയും ചെയ്യുന്നു. അല്ലാഹു വിശ്വാസികളുടെ മത്സരം നോക്കിക്കാണുകയും അതിന്റെ പേരില്‍ മാലാഖമാര്‍ക്ക് മുന്നില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് നല്ലത് കാണിച്ച് കൊടുക്കുക. റമദാനിന്റെ കാരുണ്യം നിഷേധിക്കപ്പെട്ടവനാണ് യഥാര്‍ത്ഥ ദൗര്‍ഭാഗ്യവാന്‍’.
തുടര്‍ന്നാണ് അല്ലാഹു നോമ്പുകാരുടെ വായില്‍ പരിമളം പരത്തുന്നത്. അതോടെ നോമ്പുകാരുടെ വായ്‌നാറ്റം കസ്തൂരിയേക്കാള്‍ മഹത്തരമായ സുഗന്ധമായി മാറുന്നു. പാപമോചനവും കാരുണ്യവും അവര്‍ക്ക് മേല്‍ വര്‍ഷിക്കുന്നു. അവര്‍ക്ക് നരക വിമോചനം വാഗ്ദാനം ചെയ്യുന്നു. ആയിരം മാസങ്ങളേക്കാള്‍ മഹത്തരമായ ഒരു രാവ് അവര്‍ക്ക് സമ്മാനിച്ചിരിക്കുന്നു.
നോമ്പ് മുഴുമിപ്പിക്കാനിരിക്കെ നോമ്പുകാരന് വീണ്ടും ലഭിക്കുന്നു മഹത്ത്വം. ‘നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പുതുറക്കുമ്പോഴും അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും’. ‘സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു കവാടമുണ്ട്. നോമ്പുകാര്‍ മാത്രമാണ് അതില്‍ പ്രവേശിക്കുക’.
ഇതാണ് റമദാന്‍ മാസം. ആകാശവാസികളുടെ അടുത്ത് ആദരിക്കപ്പെട്ട മാസം. എന്നാല്‍ ഭൂമിയിലുള്ളവരുടെ അടുത്ത് എന്താണ് അതിന്റെ സ്ഥാനം? എന്നാല്‍ അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനോടുള്ള കരാര്‍ പൂര്‍ത്തീകരിച്ചവരും അതിനെ ആദരിക്കുന്നു ‘അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നവര്‍ക്കുള്ളതാണ് അത്. അത് ഹൃദയങ്ങളുടെ ദൈവബോധത്തില്‍പെട്ടതാണ്’.
നോമ്പിനെ എങ്ങനെ ആദരിക്കണമെന്നറിയുന്നവര്‍ അല്ലാഹുവിന്റെ അടിമകളില്‍ ഉണ്ട്. അവരുടെ ഹൃദയങ്ങളില്‍ അത് ആവേശവമാവുകയും അവയവങ്ങളില്‍ പ്രകടമാവുകയും ചെയ്യുന്നു (വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും പ്രവാചകനും ഉത്തരം നല്‍കുക; അദ്ദേഹം നിങ്ങളെ ജീവിപ്പിക്കുന്നതിലേക്ക് ക്ഷണിച്ചാല്‍. മനുഷ്യനും അവന്റെ ഹൃദയത്തിനുമിടയില്‍ അല്ലാഹു മറയിടുന്നതാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കുക. നിങ്ങള്‍ അവനിലേക്കാണ് ഒരുമിച്ചുകൂട്ടപ്പെടുക). അല്ലാഹുവിന് ഉത്തരം നല്‍കിയവരാണ് അവര്‍. പകല്‍ ദാഹം സഹിക്കുകയും രാത്രയില്‍ ഉറക്കമിളക്കുകയും ചെയ്തു അവര്‍. ആരാധനകളുടെ ലക്ഷ്യം അവര്‍ തിരിച്ചറിയുകയും ചെയ്തു. നാട്ടില്‍ പതിവുള്ള നോമ്പില്‍ നിന്ന് മാറി സവിശേഷമായ നോമ്പനുഷ്ഠിക്കാന്‍ അതവരെ സഹായിച്ചു. അവരുടെ ശരീരം നോമ്പനുഷ്ഠിച്ചതുപോലെ തന്നെ സ്വഭാവവും കര്‍മവും നോമ്പനുഷ്ഠിച്ചു.
ഹൃദയങ്ങളില്‍ നിന്നും ദുഷ്ചിന്തകളെ അവര്‍ അകറ്റി നിര്‍ത്തി. അതിനെ അല്ലാഹുവിന് വേണ്ടി സമര്‍പിച്ചു. ഹൃദയം കഅ്ബാലയമാണ്. ആ കഅ്ബാലയത്തില്‍ വിഗ്രഹങ്ങള്‍ പാടില്ലെന്നത് അല്ലാഹുവിന്റെ തീരുമാനമാണ്.
ഭൂമിയില്‍ ചിലരുണ്ട്. ആത്മാവില്ലാതെ ചിത്രങ്ങള്‍ മാത്രം കൊണ്ടുനടക്കുന്നവരാണവര്‍. അതിനാല്‍തന്നെ ആ ചിത്രവും അവര്‍ക്ക് നഷ്ടപ്പെട്ടു. അവര്‍ക്ക് വിശപ്പും ദാഹവും മാത്രമാണ് നോമ്പുമുഖേന ലഭിച്ചിട്ടുള്ളത്. അവര്‍ റമദാനെ സ്വീകരിച്ചത് ഭക്ഷണവും പാനീയവും ഒരുക്കിയാണ്. പകല്‍ മറ്റുള്ളവരെ ആക്ഷേപിച്ചും പരദൂഷണം പറഞ്ഞും  അവര്‍ കഴിഞ്ഞു കൂടുന്നു. നോമ്പ് തുറക്കാന്‍ സമയമാവുന്നതോടെ അവര്‍ ഭക്ഷണത്തളികയിലേക്ക് ആര്‍ത്തിയോടെ കൈനീട്ടുന്നു. നോമ്പുകാരുടെ ശാന്തതയോ, മര്യാദയോ, വിനയമോ അവര്‍ക്കില്ല. ‘നോമ്പ് തീറ്റയും കുടിയുമല്ല;തോന്നിവാസങ്ങളില്‍ നിന്നും ലൈംഗിക വികാരങ്ങളില്‍ നിന്നുമാണ് നോമ്പ്. ആരെങ്കിലും നിന്നെ ആക്ഷേപിക്കുകയോ, ശകാരിക്കുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്ന് നീ പറയുക’.
നബി തിരുമേനി(സ) നമസ്‌കാരത്തിന് മുമ്പ് ഈത്തപ്പഴം കൊണ്ടായിരുന്നു നോമ്പുതുറന്നിരുന്നത്. നോമ്പുതുറന്നാല്‍ തന്റെ നാഥന്റെ മുന്നിലേക്ക് പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും വന്നണയും അദ്ദേഹം. ‘അല്ലാഹുവേ നിനക്കുവേണ്ടിയാണ് ഞാന്‍ നോമ്പനുഷ്ഠിച്ചത്. നിന്റെ അന്നം കൊണ്ടാണ് ഞാന്‍ നോമ്പുമുറിച്ചത്. അതിനാല്‍ നീ എന്നില്‍ നിന്ന് സ്വീകരിച്ചാലും. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്’. ‘ദാഹം തീരുകയും ഞരമ്പുകള്‍ നനയുകയും പ്രതിഫലം ഉറപ്പാകുകയും ചെയ്തിരിക്കുന്നു. ഇന്‍ശാ അല്ലാഹ്’.

 

Related Post