സ്വാലിഹ്‌നബി

ആദ് സമുദായത്തിന് ശേഷം അറേബ്യയില്‍ ജീവിച്ച പ്രബല സമുദായമായിരുന്ന ഥമൂദ് ജനതയിലേക്ക് ദൈവദൂതുമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ്‌നബി. അറേബ്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അല്‍ഹിജ്ര്‍ പ്രദേശമായിരുന്നു ഥമൂദ് ജനതയുടെ വാസസ്ഥലം. ഥമൂദ് ജനതയെ ബാധിച്ച ബഹുദൈവത്വത്തില്‍നിന്ന് അവരെ ശുദ്ധീകരിക്കുകയായിരുന്നു സ്വാലിഹ്‌നബിയുടെ പ്രബോധനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം.
അല്ലാഹു ഒട്ടേറെ അനുഗ്രഹങ്ങള്‍ ഥമൂദ് ജനതക്ക് നല്കിയിരുന്നു. എന്നാല്‍ അക്കാര്യം അംഗീകരിച്ചും അനുസ്മരിച്ചും ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കുന്നതിന് പകരം കുഴപ്പവും നാശവും ഉണ്ടാക്കുകയാണവര്‍ ചെയ്തത്. അതിനാല്‍ സ്വാലിഹ്‌നബി അവരോട് പറഞ്ഞു:

وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًا  فَاذْكُرُوا آلَاءَ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ (الأعراف: 74)

(നിങ്ങള്‍ ഓര്‍ത്തുനോക്കുക. ആദിന് ശേഷം അല്ലാഹു നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചു. ഭൂമിയില്‍ നിങ്ങള്‍ക്കവന്‍ അധിവാസ സൗകര്യങ്ങള്‍ നല്കി. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ ഉന്നത സൗധങ്ങള്‍ പണിയുന്നു. പര്‍വതങ്ങള്‍ തുരന്ന് ഭവനങ്ങള്‍ നിര്‍മിക്കുന്നു. അതെ, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുക. ഭൂമിയില്‍ നാശകാരികളായി വിഹരിക്കാതിരിക്കുക. – അല്‍അഅ്‌റാഫ് 74)
എക്കാലത്തെയും പോലെ സ്വാലിഹ്‌നബിയെ അവിശ്വസിക്കുകയും എതിര്‍ക്കുകയും ചെയ്തത് സ്വസമുദായത്തിലെ പ്രമാണിമാരും നേതാക്കളുമായിരുന്നു. അഹങ്കാരികളായിരുന്നവര്‍ ദുര്‍ബല വിഭാഗത്തിലെ വിശ്വാസികളോട് പരിഹാസപൂര്‍വം പറഞ്ഞു:

قَالَ الَّذِينَ اسْتَكْبَرُوا إِنَّا بِالَّذِي آمَنتُم بِهِ كَافِرُونَ (الأعراف: 76)

(നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നതിനെ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. – അല്‍അഅ്‌റാഫ് 76)
ഥമൂദ് ഗോത്രത്തിലെ സാധാരണക്കാര്‍ നാശകാരികളും അതിക്രമകാരികളുമായ അധികാരിവര്‍ഗത്തിന്റെ ആജ്ഞാനുവര്‍ത്തികളായാണ് ജീവിച്ചിരുന്നത്. അതിനാല്‍ സ്വാലിഹ് അവരോട് കല്പിച്ചു:

وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ . الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ (الشعراء:151-152)

(നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുകയും ചെയ്യുക. അതിക്രമികളുടെ ആജ്ഞകള്‍ നിങ്ങളനുസരിക്കരുത്; അതായത് നാട്ടില്‍ നാശമുണ്ടാക്കുകയും നന്മ വരുത്താതിരിക്കുകയും ചെയ്യുന്നവരുടെ. – അശ്ശുഅറാഅ് 151-152).
സ്വാലിഹ്‌നബിയുടെ പ്രബോധനം ലക്ഷ്യമാക്കിയ മറ്റൊരു പ്രധാന കാര്യം തന്റെ ജനതയുടെ ഭൗതികരംഗത്തെ ജീര്‍ണതയുടെ ശുദ്ധീകരണമായിരുന്നു. ഐഹിക ജീവിത സൗകര്യങ്ങളില്‍ മതിമറന്ന് ഥമൂദ് ജനത പൊങ്ങച്ചപ്രകടനത്തിനായി പര്‍വത പ്രദേശങ്ങളില്‍ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തി. സ്വാലിഹ്‌നബി അവരോട് ചോദിച്ചു:

أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ . فِي جَنَّاتٍ وَعُيُونٍ. وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ. وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ (الشعراء: 146-149)

 3012013-2b141

(ഇവിടെയുള്ള സുഖാനന്ദങ്ങളില്‍ നിര്‍ഭയരായി കഴിഞ്ഞുകൂടാന്‍ നിങ്ങളെ വിട്ടേക്കുമോ? ആരാമങ്ങളിലും അരുവികളിലും കാര്‍ഷിക വിളകളിലും മുറ്റിയ കൂമ്പുള്ള ഈന്തപ്പനകളിലും സുഖിച്ച് കഴിയാന്‍! നിങ്ങള്‍ സാമോദം മലകളില്‍ പാറകള്‍ തുരന്ന് വീടുകളുണ്ടാക്കുന്നു. – അശ്ശുഅറാഅ് 146-149).
തികഞ്ഞ ഗുണകാംക്ഷയോടുകൂടി സ്വാലിഹ് പ്രബോധനം ചെയ്തിട്ടും അദ്ദേഹത്തിന്റെ ജനതയില്‍ ഭൂരിപക്ഷവും അവിശ്വസിക്കുകയാണുണ്ടായത്. അവരിലെ നേതാക്കളാകട്ടെ സ്വാലിഹ്‌നബിയില്‍ ദുശ്ശകുനമാരോപിക്കുകയും അവസാനം അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. എന്നാല്‍ സ്വാലിഹ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവിരാമം തുടര്‍ന്നു.
പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രതിയോഗികള്‍ അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന് തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ പറഞ്ഞു:

مَا أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ الصَّادِقِينَ (الشعراء: 156)

(നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ നിന്റെ ദൗത്യത്തിന് ഒരു ദൃഷ്ടാന്തം കൊണ്ടുവരിക. നീ സത്യവാദിയാണെങ്കില്‍. – അശ്ശുഅറാഅ് :154). അങ്ങനെ തന്റെ പ്രവാചകത്വത്തിന് തെളിവായി സ്വാലിഹ് ഒരൊട്ടകത്തെ കാണിച്ചുകൊടുത്തെങ്കിലും പ്രസ്തുത ഒട്ടകത്തെ അറുക്കാന്‍ മാത്രം അവര്‍ ദൈവധിക്കാരികളായിത്തീര്‍ന്നു. ഒടുവില്‍ ആ ജനതയെ അല്ലാഹു നശിപ്പിച്ചുകളയുകയാണ് ചെയ്തത്. സ്വാലിഹിനെയും അനുചരന്മാരെയും അല്ലാഹു രക്ഷിക്കുകയും ചെയ്തു.

Related Post