ഭക്ഷിക്കുക ,ഉപവസിക്കുക, ജീവിതം ആസ്വദിക്കുക

ഭക്ഷിക്കുക ഉപവസിക്കുക ജീവിതം ആസ്വദിക്കുക

ഭക്ഷിക്കുക ഉപവസിക്കുക ജീവിതം ആസ്വദിക്കുക

ഡോ. മൈക്കല്‍ മുസ്‌ലി തന്റെ സ്വപ്‌നസാക്ഷാത്കാരം സാധിക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയ ഒരു മനുഷ്യനാണ്. തിന്നുക, ഉപവസിക്കുക, അങ്ങനെ ദീര്‍ഘായുസ്സായിരിക്കുക ഇതാണ് അദ്ദേഹത്തിന്റെ ഏറെ നാളായുള്ള സ്വപ്നം. അതിനായി അദ്ദേഹം ശരീരഭാരം കുറച്ച് യുവത്വം നിലനിറുത്തുകയാണ്. അതോടൊപ്പം ജീവിതശൈലിയില്‍ സാധ്യമായത്ര മാറ്റം വരുത്താനും അതോടൊപ്പം ലക്ഷ്യമിടുന്നു. പുരാതനകാലംമുതല്‍ക്കേ ജനങ്ങള്‍ ആചരിച്ചുവരുന്ന ഉപവാസത്തിന്റെ പിന്നിലെ ഏറ്റവും പുതിയ ശാസ്ത്രം അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. ഭക്ഷണം നന്നായി ആസ്വദിച്ചുകഴിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി ഉപവാസത്തെ അദ്ദേംഹം കാണുന്നു. ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുംവിധമുള്ള ഉപവാസത്തിന്റെ സദ്ഫലങ്ങളെ അദ്ദേഹം പരീക്ഷണ – നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നു.

ഇസ്‌ലാമികരീതിയിലുള്ള നോമ്പിന്റെ അനന്തരഫലമെന്നോണം ലഭിക്കുന്ന ആരോഗ്യത്തിന്റെയും ദീര്‍ഘായുസ്സിന്റെയും പിന്നിലുള്ള രഹസ്യങ്ങളെപ്പറ്റി അദ്ദേഹം ചില കാര്യങ്ങള്‍ അനാവരണംചെയ്യുന്നുണ്ട്. മുമ്പിലിരിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവത്തെപ്പറ്റിയും അളവിനെപ്പറ്റിയും യാതൊരു ധാരണയുമില്ലാതെ വലിച്ചുവാരി കഴിക്കരുതെന്ന് പറയുന്ന അദ്ദേഹം വളര്‍ച്ചാ ഹോര്‍മോണായ ഐജിഎഫ് -1 നെക്കുറിച്ചും നോമ്പിനെക്കുറിച്ചും അറിയുന്ന ആളെത്തേടി കണ്ടുപിടിച്ചു. അയാളോട് 3 ദിവസം നോമ്പനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്തപ്പോളുണ്ടായ ഫലം അത്ഭുതാവഹമായിരുന്നു. പ്രായമേറുമ്പോള്‍ ഉണ്ടാകാറുള്ള വിവിധ അസുഖങ്ങളുടെ ഭീഷണിയില്‍നിന്ന് മുക്തമാകാന്‍ അതുവഴി കഴിഞ്ഞു. മൈക്കിള്‍ അവിടംകൊണ്ടും നിറുത്തിയില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതുകൊണ്ട് എന്താണുണ്ടാവുകയെന്ന് കൗതുകപൂര്‍വം വീക്ഷിച്ചു.അതിലൂടെ തലച്ചോറിന്റെ ആയുരാരോഗ്യസംബന്ധിയായി നോമ്പിന് പലതും ചെയ്യാനാവുമെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇടവിട്ട ദിവസങ്ങളില്‍ നോമ്പുനോല്‍ക്കുന്നത് തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളില്‍നിന്ന് രക്ഷനല്‍കുമെന്നതാണ് അതിലൊന്ന്.
വിശപ്പ് തലച്ചോറില്‍ പുതിയ സെല്ലുകള്‍ക്ക് ജന്‍മം നല്‍കുന്നുണ്ട്. അതുവഴി ബുദ്ധിയും ഓര്‍മശക്തിയും വര്‍ധിക്കുന്നു. അതിനാല്‍ തലച്ചോറിനുള്ള വ്യായാമമാണ് നോമ്പ്. തുടര്‍ന്ന് മൈക്കിള്‍ മറ്റൊരു പരീക്ഷണം നടത്തി. അതിനെ അദ്ദേഹം 5-2 ഡയറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് 5 ദിവസം സാധാരണ നിലയില്‍ ഭക്ഷണം കഴിച്ച് തുടര്‍ന്നുള്ള രണ്ട് ദിവസം നോമ്പനുഷ്ഠിക്കുക. ഇത് ഏതാനും മാസങ്ങളോളം തുടര്‍ന്നു. ഗണ്യമായ തോതില്‍ ശരീരഭാരം കുറഞ്ഞു. ഐജിഎഫ്- 1 പകുതിയായി കുറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണവിധേയമായി. ചീത്ത കൊളസ്‌ട്രോള്‍ കുറയുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ധിക്കുകയുംചെയ്തു. അതുവഴി പലതരത്തിലും അസുഖങ്ങളാല്‍ വിഷമിച്ചിരുന്ന അദ്ദേഹത്തിന് അത്തരം പ്രയാസങ്ങളില്ലാതായി. അല്‍പംകൂടി മുന്നോട്ടുപോകുകയാണെങ്കില്‍ അദ്ദേഹത്തിന് ടാബ്‌ലറ്റുകളും ഒഴിവാക്കാനാകും.

നോമ്പനുഷ്ഠിക്കുന്നതില്‍ കണ്ടെത്തിയ ഗുണഫലങ്ങള്‍ ചുരുക്കത്തില്‍ :
1. നല്ല ആരോഗ്യവും ദീര്‍ഘായുസ്സും ആഹാരവും അതിന്റെ ഗുണനിലവാരവും ആശ്രയിച്ചാണിരിക്കുന്നത്.
2. 5-2 ഡയറ്റ് നിയന്ത്രണം ഏറ്റവും ഉത്തമം(തിങ്കള്‍, വ്യാഴം നോമ്പുകള്‍ ഉദാഹരണം)
3. കൂടുതല്‍ ആരോഗ്യം നേടിത്തരുന്നു
4. ബുദ്ധിവികാസം നല്‍കുന്നു.
5. ഗര്‍ഭിണികള്‍ നോമ്പ് ഒഴിവാക്കുന്നത് നല്ലതാണ്.
ഡോ. മൈക്കിള്‍ മുസ്‌ലിയുടെ നിരീക്ഷണങ്ങള്‍ വളരെ കൗതുകകരമാണ്. ഈ ലോകത്ത് മുന്‍കഴിഞ്ഞുപോയ പ്രവാചകന്‍മാരുടെയും വിശ്വാസികളുടെയും പാരമ്പര്യത്തെ അദ്ദേഹം സ്ഥിരീകരിച്ചുവെന്നതാണ് വസ്തുത. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നോമ്പിന്റെ സദ്ഫലങ്ങളെക്കുറിച്ച് നാം കേട്ടിട്ടുള്ളതാണ്. അക്കാലംതൊട്ടുതന്നെ വ്രതാനുഷ്ഠാനത്തിന്റെ നേട്ടങ്ങളെക്കുറിച്ച വൈജ്ഞാനികപഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നോമ്പ്
അബൂനുഐമില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘സ്വൂമൂ തസിഹ്ഹൂ’ അതായത്, നോമ്പനുഷ്ഠിക്കൂ അരോഗദൃഢഗാത്രനായിരിക്കൂ എന്ന ആഹ്വാനമാണത്. നോമ്പനുഷ്ഠിക്കൂ പുഷ്ടിപ്രാപിക്കൂ എന്നാണ് കൂടുതല്‍ നല്ല ആശയം. രണ്ട് വാക്കുകളിലായി ഇത് വളരെ വിശാലമായ ആശയം പകര്‍ന്നുകൊടുക്കുന്നുണ്ടെന്ന് പണ്ഡിതന്‍മാര്‍ നിരീക്ഷിക്കുന്നു. അറബിയിലെ സ്വാമ, സുറിയാനിഭാഷയിലെ സൗമ എന്നിവയില്‍നിന്ന് രൂപം കൊണ്ടതാണ് സ്വൂമൂ എന്ന വാക്ക്. വിട്ടുനില്‍ക്കുക,ത്യജിക്കുക എന്നൊക്കെയാണ് ആ വാക്കിനര്‍ഥം. മുസ്‌ലിംകള്‍ നോമ്പനുഷ്ഠിക്കുമ്പോള്‍ കേവലം ആഹാരപാനീയങ്ങളില്‍നിന്ന് മാത്രമല്ല, അവര്‍ വിട്ടുനില്‍ക്കുന്നത്. ശരീരത്തിന്റെ ഒട്ടേറെ വികാര-വിചാരങ്ങളില്‍നിന്ന് കൂടി അവര്‍ അകലം പാലിക്കുന്നുണ്ട്. ഇംഗ്ലീഷില്‍ ഫാസ്റ്റിങ്(Fasting) എന്നാണ് നോമ്പിന് പറയുക. Fastejan എന്ന ആംഗ്ലോസാക്‌സന്‍ പദത്തില്‍നിന്നാണ് മുറുകെപ്പിടിക്കുക എന്ന ആശയമുള്ള ഫാസ്റ്റിങ് വരുന്നത്. ഉറച്ച ആത്മനിയന്ത്രണം എന്നാണ് കൂടുതല്‍ സമ്പുഷ്ടമായ അര്‍ഥം. അതാണ് നോമ്പിന്റെ ലക്ഷ്യം.
തസ്വിഹ്ഹൂ എന്ന രണ്ടാമത്തെ വാക്ക് സ്വഹ്ഹ, സ്വിഹ്ഹ എന്ന അറബിവാക്കില്‍നിന്നാണ്.. അതിനര്‍ഥം ആരോഗ്യവാനായിരിക്കൂ, സന്തുലിതമായിരിക്കൂ, സുഖത്തോടെയിരിക്കൂ എന്നൊക്കെയാണ് . പുഷ്ടിയോടെയിരിക്കൂ എന്ന വിശാലാര്‍ഥമാണ് ഇതിന് യോജിക്കുകയെന്ന് പറഞ്ഞത് ശക്തന്‍, ആരോഗ്യവാന്‍, സല്‍ഗുണസമ്പന്നന്‍, അലംകൃതന്‍, ഉന്നതന്‍ എന്നീ വിശേഷണങ്ങള്‍ക്കര്‍ഹനായവന്‍ എന്നര്‍ഥത്തിലാണ്.. ഈ ആശയപരികല്‍പനയില്‍ നമുക്ക് നോമ്പിന്റെ ലക്ഷ്യം എന്തെന്ന് വ്യക്തമാവുന്നുണ്ട്. നോമ്പ് ഒരേ സമയം ആന്തരിക-ബാഹ്യ സൗഖ്യവും സമാധാനവുമാണ് പകര്‍ന്നുനല്‍കുന്നത്. കേവലം പദാര്‍ഥവര്‍ജ്ജനം മാത്രമല്ല നോമ്പിലുള്ളത്.

എന്തിനാണ് നോമ്പനുഷ്ഠിക്കുന്നതെന്നതിന് ഖുര്‍ആന്‍ നല്‍കുന്ന വിശദീകരണം നമുക്കറിയാവുന്നതാണ്. ‘വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍'(അല്‍ബഖറ 183)
‘ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്ത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്'( അല്‍ബഖറ :185)
ദൈവത്തെക്കുറിച്ച സൂക്ഷ്മത, അവന്റെ കല്‍പനകള്‍ അനുസരിക്കാനുള്ള സന്നദ്ധത, സ്വതാല്‍പര്യങ്ങളുടെ അടിമയാകുന്നതിന് പകരം അതിന്റെ യജമാനന്‍ ആകാനുള്ള ആര്‍ജ്ജവം ഇതെല്ലാമാണ് നോമ്പിലൂടെ നേടിയെടുക്കുന്നത്. അതുകൊണ്ടുതന്നെ നോമ്പ് ഒരു സംരക്ഷണകവചമാണ്. ആത്മാവിനും ഹൃദയത്തിനും ശരീരത്തിനും ബാധിച്ചേക്കാവുന്ന രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം.

ഭക്ഷണവും വ്രതവും:

പ്രവാചകന്‍ തിരുമേനി(സ)യുടെ ലാളിത്യമാര്‍ന്ന ജീവിതത്തിലും അദ്ദേഹം സന്തുലിതത്വം പാലിച്ചിരുന്നു. അദ്ദേഹം മാംസവും പച്ചക്കറികളും ഉപയോഗിച്ചിരുന്നു. അദ്ദേഹം എന്തൊക്കെ കഴിച്ചിരുന്നുവെന്നും അളവെത്രയായിരുന്നുവെന്നും ഹദീസുകളില്‍ കാണാം. തന്റെ ആയുസ്സില്‍ 40 കി.ഗ്രാം ബാര്‍ലി മാത്രമാണ് അദ്ദേഹം കഴിച്ചത്. മിഖ്ദാം ഇബ്‌നു മഅ്ദി കരീബില്‍നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘തന്റെ വയറിനെക്കാള്‍ മോശമായ മറ്റൊരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. ആദംസന്തതിക്ക് നടുനിവര്‍ത്താന്‍ രണ്ടുപിടി ആഹാരം മതിയാകും. ഇനി അതില്‍കൂടുതല്‍ അനിവാര്യമെങ്കില്‍ വയറിന്റെ മൂന്നിലൊന്ന് ഭക്ഷണം, മൂന്നിലൊന്ന് വെള്ളം, മൂന്നിലൊന്ന് വായുവിനായും അവന്‍ മാറ്റിനിര്‍ത്തട്ടെ.’
ഖുര്‍ആന്‍ ഭക്ഷണത്തെക്കുറിച്ച് പറയുന്നത് കാണുക:’മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക'(അല്‍ബഖറ 168).അതിനാല്‍ ഏറ്റവും ഉത്തമമായത് നല്ലരീതിയില്‍ കഴിക്കുന്ന കാര്യത്തില്‍ യാതൊരു ഉപേക്ഷയും വരുത്തരുത്. നോമ്പില്‍ ഉത്തമാഹാരം കഴിക്കാത്തവന് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുകയില്ല.

നബി(സ)യുടെ നോമ്പ് എങ്ങനെയായിരുന്നുവെന്ന് അറിയാന്‍ നമുക്ക് കൗതുകമുണ്ടാകും ? അദ്ദേഹം സ്ഥിരമായി നോമ്പനുഷ്ഠിച്ചിരുന്നു. എന്നാല്‍ താന്‍ നോമ്പനുഷ്ഠിക്കുന്നതുപോലെ ധാരാളമായി മറ്റുമാസങ്ങളിലും അതുപോലെ ചെയ്യാന്‍ അനുയായികളെ അദ്ദേഹം നിര്‍ബന്ധിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ഉദ്ധരിക്കപ്പെടുന്ന ഏതാനും ഹദീസുകളിതാ:
ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പ്: അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ് (റ) ല്‍നിന്: ഞാന്‍ നബിതിരുമേനിയോട് ദാവൂദ് നബിയുടെ നോമ്പിനെക്കുറിച്ച് ചോദിച്ചു: നബിതിരുമേനി ഇപ്രകാരം പ്രതിവചിച്ചു:’ഒരുവര്‍ഷത്തിലെ പകുതി ദിവസങ്ങള്‍ (അതായത്, അദ്ദേഹം ഒന്നിടവിട്ടദിനങ്ങളില്‍ നോമ്പനുഷ്ഠിക്കുമായിരുന്നു)’ -ബുഖാരി, വാല്യം 3 പുസ്തകം 31, നം. 195

ഹഫ്‌സ(റ)യില്‍നിന്ന് : നബി(സ) തിരുമേനി എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പനുഷ്ഠിക്കുമായിരുന്നു.
അബ്ദുല്ലാഹിബ്‌നു അംറ്: ഇനിമുതല്‍ ദിനേന പകലില്‍ നോമ്പനുഷ്ഠിക്കാനും രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കാനും ഞാന്‍ ശപഥം ചെയ്തവിവരം ആരോ അല്ലാഹുവിന്റെ ദൂതരെ അറിയിച്ചു. അപ്പോള്‍ നബിതിരുമേനി(സ)എന്റെയടുക്കല്‍ വന്ന് അതിന്റെ നിജസ്ഥിതി അന്വേഷിച്ചു. വാര്‍ത്ത ശരിയെന്ന് സമ്മതിച്ച എന്നോട് നബി(സ) കല്‍പിച്ചു:’താങ്കളങ്ങനെ ചെയ്യരുത്.’കുറച്ചുദിവസം നോമ്പനുഷ്ഠിക്കുക, കുറച്ചുദിവസം നോമ്പനുഷ്ഠിക്കാതിരിക്കുക.. നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുക. മാസത്തില്‍ 3 ദിവസം നോമ്പനുഷ്ഠിക്കുക. ഓരോ പുണ്യപ്രവര്‍ത്തിക്കും പത്തിരട്ടി പ്രതിഫലമുള്ളതിനാല്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന് തത്തുല്യമായ പ്രതിഫലം ലഭിക്കും.’ അപ്പോള്‍ ഞാന്‍ അതിനെക്കാള്‍ നന്നായി ചെയ്യുമെന്ന് മറുപടി നല്‍കി. അപ്പോള്‍ ദൈവദൂതര്‍ ഇപ്രകാരം പറഞ്ഞു:’ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുകയായിരുന്നു ദാവൂദ് നബിയുടെ രീതി. അതാണ് ഉത്തമവും.’അപ്പോള്‍ ഞാന്‍ പറഞ്ഞു:’അതിനെക്കാള്‍ കൂടുതല്‍ നോമ്പനുഷ്ഠിക്കാന്‍ എനിക്ക് ശേഷിയുണ്ട്.’ അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു:’ഇതിനെക്കാള്‍ ഉത്തമമായ മറ്റൊരു വ്രതാനുഷ്ഠാനരീതിയുമില്ല.'(സ്വഹീഹുല്‍ ബുഖാരി, വാല്യം 3 ബുക്ക് 31 , നമ്പര്‍ 197)
മുസ്‌ലിമുല്‍ ഖുറശിയ്യില്‍ നിന്ന് : തുടര്‍ച്ചയായി നോമ്പുപിടിക്കുന്നതിനെക്കുറിച്ച് ഞാനോ മറ്റാരോ നബിതിരുമേനി(സ)യോട് അഭിപ്രായംചോദിച്ചു. അപ്പോള്‍ തിരുമേനി ഇപ്രകാരം പറഞ്ഞു:’നിങ്ങള്‍ക്ക് കുടുംബത്തോട് ബാധ്യതയുണ്ട്. അതിനാല്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുക. തൊട്ടുടനെയുള്ള മാസത്തിലും. പിന്നെ മാസത്തിലെ ബുധന്‍ ,വ്യാഴം ദിവസങ്ങളിലും. അങ്ങനെ ചെയ്താല്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിച്ച പ്രതിഫലം ലഭിക്കും.'(സ്വഹീഹുല്‍ മുസ് ലിം, പുസ്തകം 13, നമ്പര്‍ 2426).
വിശ്വാസികളുടെ മാതാവായ ഉമ്മു സലമയില്‍നിന്ന്: ഹുനൈദ അല്‍ ഖുസയ്യ് തന്റെ മാതാവില്‍നിന്ന് റിപോര്‍ട്ട്: മാതാവ് പറഞ്ഞു: ഞാന്‍ ഉമ്മുസലമ(റ)യോട് അവരുടെ നോമ്പിനെക്കുറിച്ച് അന്വേഷിച്ചു. അപ്പോളവര്‍ പറഞ്ഞു: ‘തിങ്കളാഴ്ചയോ, വ്യാഴാഴ്ചയോ തുടങ്ങി മൂന്നുദിവസം എല്ലാമാസവും നോമ്പനുഷ്ഠിക്കാന്‍ ദൈവദൂതര്‍ എന്നോട് കല്‍പിക്കുമായിരുന്നു’ (സ്വഹീഹ് മുസ്‌ലിം , പുസ്തകം 13, നമ്പര്‍ 2446)

നോമ്പും ഓര്‍മശക്തി വര്‍ധനയും

അലിയ്യുബ്‌നു അബീത്വാലിബ്(റ) പറഞ്ഞു:’അഞ്ചുസംഗതികള്‍ കഫത്തെയും മറവിയെയും മാറ്റി ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു: ‘1. മിസ് വാക് 2. നോമ്പ് 3. ഖുര്‍ആന്‍ പാരായണം 4. തേന്‍ 5. പാല്‍'(ദൈലമി).
നോമ്പിന്റെ ഒട്ടേറെ ഗുണഗണങ്ങളാണ് നാമിവിടെ കണ്ടത്. ദീര്‍ഘായുസ്സല്ല, ആത്മീയമായും ഭൗതികമായും സൗഖ്യമായിരിക്കാം എന്നതാണ് നോമ്പിന്റെ സദ്ഫലം.

Related Post