യൂസുഫ് ചരിത്രത്തില്‍നിന്ന് പത്ത് ശിക്ഷണ പാഠങ്ങള്‍

”എനിക്കൊരു കുഞ്ഞു ജനിച്ചു. താങ്കള്‍ക്ക് എന്താണ് ഈ new bornഘട്ടത്തില്‍ എനിക്ക് നല്‍കാനുള്ള ഉപദേശം?
” അയാള്‍ ആരാഞ്ഞു.

 ”പ്രവാചകന്‍ യഅ്ഖൂബും(അ) മക്കളും തമ്മില്‍ നടന്ന സംഭവങ്ങളെ ആധാരമാക്കി പത്ത് ‘യൂസുഫ് പാഠങ്ങള്‍’ ഞാന്‍ വിവരിച്ചുതരാം. യൂസുഫി(അ)ന് 11 സഹോദരങ്ങളുണ്ടായിരുന്നു. ഒരു സഹോദരന്‍ യൂസുഫിന്റെ ഉമ്മയില്‍ നിന്ന് പിറന്ന സ്വന്തം സഹോദരന്‍. പത്ത് പേര്‍ രണ്ടാമത്തെ ഉമ്മയില്‍ നിന്ന് പിറന്നവരും. ഫലസ്ത്വീനിലായിരുന്നു അവരെല്ലാം കഴിഞ്ഞുകൂടിയത്. ഖുര്‍ആന്‍ അവരുടെ ജീവിതകഥ ഒരധ്യായത്തില്‍ സമ്പൂര്‍ണമായി പറഞ്ഞിട്ടുണ്ട്. തലമുറകള്‍ക്ക് വേണ്ട ശിക്ഷണ രീതികളുടെ അടിസ്ഥാന ശാസ്ത്രമാണ് ആ സംഭവ വിവരണങ്ങളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. ഒന്നാമത്തേത് പിതാവും മകനും തമ്മിലെ ഊഷ്മള ബന്ധവും അടുപ്പവുമാണ്. അതുകൊണ്ടാണല്ലോ താന്‍ കണ്ട സ്വപ്നം മകനായ യൂസുഫ് യഅ്ഖൂബി(അ)നോട് പരത്തിപ്പറഞ്ഞത്. ഈ ബന്ധവും അടുപ്പവുമാണ് കുടുംബ ജീവിതത്തെ വിജയമാക്കുന്നത്.
രണ്ട്, ഭാവിയെക്കുറിച്ച പിതാവിന്റെ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും. ഭാവിയില്‍ അല്ലാഹു യൂസുഫിനെ സവിശേഷം തെരഞ്ഞെടുക്കുമെന്നും മഹത്തായ ചില സംഭവങ്ങള്‍ ജീവിതത്തില്‍ നടക്കാനുണ്ടെന്നും സൂചിപ്പിച്ചു. അതങ്ങനെ സംഭവിക്കുകയും ചെയ്തല്ലോ. യൂസുഫ് (അ) നബിയായി. മന്ത്രിയായി, ഭരണാധികാരിയായി, ഉന്നത പദവികളിലെത്തി.

മൂന്ന്, സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച തിരിച്ചറിവ്. അവയോടെങ്ങനെ പ്രതികരിക്കണമെന്ന പാഠം. പ്രത്യേകിച്ച് കുടുംബത്തിലെ അവസ്ഥകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമുള്ള അറിവ്. മറ്റേ ഉമ്മയില്‍ ജനിച്ച സഹോദരങ്ങളുടെ മനസ്സില്‍ കുടികൊള്ളുന്ന അസൂയയെക്കുറിച്ചും വൈരാഗ്യത്തെക്കുറിച്ചും അദ്ദേഹം മകന് സൂചന നല്‍കിയിരുന്നു. അതിനാല്‍ താന്‍ കണ്ട സ്വപ്നം അവരോട് പറഞ്ഞുപോകരുതെന്നും യഅ്ഖൂബ്(അ) മകനെ ഉണര്‍ത്തി. അവരുടെ മനസ്സിലേക്ക് പിശാച് നുഴഞ്ഞുകയറിയെങ്കിലോ എന്നോര്‍ത്തായിരുന്നു ആ ഉപദേശം.

 നാല്, ഏറ്റവും കൊടിയ ശത്രുവായ പിശാചിനെക്കുറിച്ച് പിതാവ് യൂസുഫിനെ ഉണര്‍ത്തി. സഹോദരങ്ങളെ വെറുക്കുന്നതിന് പകരം, വെറുപ്പ് മുഴുവന്‍ പിശാചില്‍ കേന്ദ്രീകരിക്കാനാണ് പിതാവ് ആഗ്രഹിച്ചത്. ”തീര്‍ച്ചയായും പിശാച് മനുഷ്യന്റെ തെളിഞ്ഞ ശത്രുവാണ്” (12:5) എന്ന ഖുര്‍ആന്‍ പ്രതിപാദനം അതാണ് സൂചിപ്പിക്കുന്നത്. സഹോദരങ്ങളല്ല ശത്രുക്കള്‍, പിശാചാണ് ശത്രു എന്നും, കുടുംബബന്ധം തകര്‍ക്കാനും സഹോദരന്മാര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുമുള്ള പിശാചിന്റെ കുതന്ത്രങ്ങള്‍ക്കെതിരെ ജാഗരൂകനാവണമെന്നുമാണ് യൂസുഫിന് നല്‍കിയ നിര്‍ദേശം.

അഞ്ച്, കുടുംബത്തിന്റെ പൈതൃകവും പാരമ്പര്യവും പൂര്‍വികരുടെ സല്‍പേരും പ്രശസ്തിയും അനുഗ്രഹമാണെന്നും അത് കാത്തുസൂക്ഷിക്കണമെന്നും യഅ്ഖൂബ് (അ) ഉപദേശിച്ചു. ”നിനക്കും യഅ്ഖൂബ് കുടുംബത്തിനുമുണ്ടായ അനുഗ്രഹം പൂര്‍ത്തീകരിച്ചു നല്‍കാന്‍; നേരത്തെ നിന്റെ മാതാപിതാക്കളുടെ കാര്യത്തിലുണ്ടായ അനുഗ്രഹപൂര്‍ത്തീകരണത്തിന്റെ അതേ മാതിരി” (12:6).

 പിതാക്കന്മാര്‍ക്കുള്ള അഞ്ച് പാഠങ്ങളാണ് നാം സംക്ഷേപിച്ചത്. മക്കളും പിതാവും തമ്മിലെ ഊഷ്മള ബന്ധവും അടുപ്പവും ആസൂത്രണവും, യാഥാര്‍ഥ്യബോധം, പൊതുശത്രുവിനെതിരില്‍ ശക്തിസമാഹരണവും ശത്രുവെക്കുറിച്ച വ്യക്തമായ ധാരണയും, വ്യക്തിത്വത്തിന്റെയും കുലീന പാരമ്പര്യത്തിന്റെയും പരിരക്ഷണം. ഇനിയുള്ള പാഠങ്ങള്‍ മക്കളുമായി ബന്ധപ്പെട്ടതാണ്.

ആറ്, മക്കള്‍ സമര്‍ഥരും നൂതന ചിന്തകള്‍ പുലര്‍ത്തുന്നവരും പ്രത്യുല്‍പന്നമതികളുമാണ്. മുതിര്‍ന്നവര്‍ എന്ത് കരുതുന്നുവെന്നും ഉദ്ദേശിക്കുന്നുവെന്നും അവര്‍ക്കറിയാം. മുതിര്‍ന്നവരോട് എങ്ങനെ സംസാരിക്കണമെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ട്. യൂസുഫിന്റെ സഹോദരങ്ങള്‍ പിതാവുമായുള്ള തങ്ങളുടെ സംഭാഷണത്തില്‍ ‘കളി’യെടുത്തിട്ടാണ് കാര്യം നേടിയത്. കളിക്കാനും ഉല്ലസിക്കാനും യൂസുഫിനെ തങ്ങളോടൊപ്പം അയക്കണമെന്നാണല്ലോ അവര്‍ പിതാവിനോട് ആവശ്യപ്പെട്ടത്. ഒരു പിതാവും മക്കളെ കളിയില്‍ നിന്ന് വിലക്കില്ല. പിതൃ മനസ്സിന്റെ ഈ ലോല ഭാഗത്താണ് സഹോദരങ്ങള്‍ കൈവെച്ചത്. അതില്‍ അവര്‍ വിജയിച്ചു.

 ഏഴ്, മുതിര്‍ന്നവരെ ബോധ്യപ്പെടുത്താന്‍ മക്കള്‍ ബുദ്ധിപൂര്‍വകമായ വാക്കുകള്‍ തെരഞ്ഞെടുക്കും. അവര്‍ തങ്ങളുടെ പിതാവിനോട് പറഞ്ഞത് ‘ഞങ്ങള്‍ അവനെ നന്നായി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊള്ളാം’ (12:12) എന്നായിരുന്നുവല്ലോ. പിതാവിന്റെ ആശങ്ക മുന്‍കൂട്ടി കണ്ടറിഞ്ഞ് മകന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഉറപ്പ് നല്‍കി.

എട്ട്, പിതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പറ്റിയ സമയവും അവതരണ രീതിയും ശൈലിയും ഏതെന്നറിയാനുള്ള കൗശലവും സാമര്‍ഥ്യവും സഹോദരങ്ങള്‍ക്കുണ്ടായിരുന്നു. പിതാവിനെ കബളിപ്പിക്കാന്‍ കള്ളച്ചോരയുമായി ഇരുട്ടിയ നേരത്താണല്ലോ അവര്‍ വീട്ടില്‍ വന്ന് കയറിയത്.

 ഒമ്പത്, പിതാവ് തങ്ങളെ കുറിച്ചെന്ത് കരുതുന്നുവെന്ന് മക്കള്‍ മുന്‍കൂട്ടി കണ്ടു. തങ്ങളുടെ വാക്കുകള്‍ പിതാവ് മുഖവിലക്കെടുക്കില്ലെന്ന് ബോധ്യമുള്ള മക്കള്‍ പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”ഞങ്ങള്‍ എത്ര നേര് പറഞ്ഞാലും നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കില്ല” (12:17).

പത്ത്, കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് തീരുന്നതല്ല. അതിന് സമയവും സാവകാശവും ക്ഷമയും ദൈവസഹായവും കൂടിയാലോചനയും പരിചയ സമ്പന്നരുടെ ഉപദേശവും വേണം. യൂസുഫിന്റെ സഹോദരന്മാര്‍ വരുത്തിവെച്ച പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ക്ഷമയുടെയും ദൈവിക സഹായാഭ്യര്‍ഥനയുടെയും മാര്‍ഗമാണ് യഅ്ഖൂബ്(അ) തേടിയത്. കുടുംബമെല്ലാം ഒരുമിച്ചുകൂടി, കഴിഞ്ഞതോര്‍ത്ത് ഖേദിക്കാനും മാപ്പിരക്കാനും വിട്ടുവീഴ്ചാ മനോഭാവത്തോടെ പരസ്പരം പൊറുക്കാനും മറക്കാനും സ്‌നേഹാന്തരീക്ഷം സംജാതമാവാനും നീണ്ട നാല്‍പത് വര്‍ഷമെടുത്തു. കഥയുടെ പര്യവസാനം രണ്ട് മുഖ്യ വിഷയങ്ങളില്‍ ഊന്നി. ക്ഷമാപണവും വിട്ടുവീഴ്ചയും മാപ്പും.

 യൂസുഫ് ചരിത്രത്തില്‍ ഇനിയും ഒട്ടനവധി പാഠങ്ങളുണ്ട് അന്വേഷികള്‍ക്ക് പഠിക്കാന്‍.
 ഡോ. ജാസിമുല്‍ മുത്വവ്വ

വിവ: പി.കെജെ

(Prabodhanam/2014 January13)

Related Post