നന്‍മകളുടെ വസന്തത്തെ വരവേല്‍ക്കുമ്പോള്‍ |
എഴുതിയത് ഡോ. വാഇല്‍ ശിഹാബ് |
എല്ലാവര്‍ഷവും റജബ് മാസംവന്നെത്തുമ്പോള്‍ ഞാന്‍ പ്രവാചകന്‍ റസൂല്‍ (സ)തിരുമേനിയുടെ പ്രാര്‍ഥന ഓര്‍ക്കുന്നു.’അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയേണമേ, ഞങ്ങളെ റമദാനിലെത്തിക്കേണമേ'(ഈ പ്രാര്‍ഥന നിവേദനംചെയ്യപ്പെട്ടിട്ടുള്ള ഹദീസ് ദുര്‍ബലമാണെന്ന് അധികപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാലും അതിന്റെ ആശയം മുന്നോട്ടുവെക്കുന്നത് നന്മകള്‍ മാത്രമുള്ള വസന്തത്തിന്റെ ശുഭപ്രതീക്ഷയാണ്.) എല്ലാ വിശ്വാസികളുടെയും റമദാനിലേക്കുള്ള തയ്യാറെടുപ്പിനെ ഈ ഹദീസ് ഓര്‍മപ്പെടുത്തുന്നു. മഹാനായ പണ്ഡിതനായ അബ്ദുര്‍റഊഫ് അല്‍മിനാവി തന്റെ ‘ഫൈദുല്‍ ഖദീറി’ല്‍ പറയുന്നത് കാണുക:’ഇബ്‌നുറജബ് പറയുന്നു: നന്മനിറഞ്ഞ മാസങ്ങള്‍ക്ക് സാക്ഷിയാകാന്‍ തനിക്കുസാധിക്കണേയെന്ന് പ്രാര്‍ഥിക്കാന്‍ ഒരു വിശ്വാസിയെ ഈ ഹദീസ് ആഹ്വാനം ചെയ്യുന്നു.’ റജബ് റമദാനിലേക്കുള്ള കവാടം ഒരു വിശ്വാസി തന്റെ ജീവിതത്തിലുടനീളം നന്മചെയ്യാനും പുണ്യംകരസ്ഥമാക്കാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നു. റജബ് മാസം പിറന്നുവീഴുന്നതോടെ റമദാനിന്റെ പുണ്യം കൈപ്പിടിയിലൊതുക്കാനുള്ള ത്യാഗപരിശ്രമങ്ങള്‍ ആരംഭിക്കുകയായി. പ്രവാചകന്‍ അനുഷ്ഠിക്കാറുണ്ടായിരുന്ന തിങ്കള്‍ , വ്യാഴം ദിവസങ്ങളിലെ നോമ്പുകള്‍ നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ സുവര്‍ണാവസരമൊരുക്കുന്നു റജബ്. റമദാനിലേക്ക് ദിനങ്ങളെണ്ണി ശഅ്ബാന്‍ ശഅ്ബാന്‍ ആരംഭിക്കുന്നതോടെ വളരെ പ്രതീക്ഷകളോടെ നാം കാത്തിരിക്കുന്ന റമദാനിനെ കണ്ടുമുട്ടാന്‍ നമ്മുടെ ഹൃദയങ്ങള്‍ വെമ്പല്‍ കൊള്ളുകയായി. കൂടുതല്‍ നന്മകള്‍ചെയ്യാനുള്ള പ്രേരകമാണ് സത്യത്തില്‍ ശഅ്ബാന്‍. ശഅ്ബാനിലെ പുണ്യപ്രവൃത്തികളുടെ തേരിലേറിയാണ് നാം റമദാനിലെ കളങ്കരഹിതമായ ആരാധനാകര്‍മങ്ങളിലെത്തുന്നത്.നസാഈ റിപോര്‍ട്ടുചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. ഉസാമ ബിന്‍ സൈദ്(റ) നബി (സ)യോട് ചോദിച്ചു:’ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നതുപോലെ മറ്റുമാസങ്ങളില്‍ താങ്കള്‍ നോമ്പു നോല്‍ക്കുന്നതായി കാണാറില്ലല്ലോ? പ്രവാചകന്‍ (സ) പറഞ്ഞു: ജനങ്ങള്‍ വളരെ അശ്രദ്ധകാണിക്കുന്ന, റജബിനും റമദാനിനുമിടയിലുള്ള ഒരു മാസമാണിത്. ഈ മാസത്തില്‍ പ്രവര്‍ത്തിക്കുന്ന പുണ്യകരമായ എന്തും ലോകരക്ഷിതാവായ അല്ലാഹുവില്‍ എത്തുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവില്‍ എത്തണം എന്നെനിക്കാഗ്രഹമുണ്ട്. അതിനാല്‍ ഞാന്‍ നോമ്പുനോല്‍ക്കുന്നു.’ റമദാനിലെത്തുംവരെ ജീവിക്കാന്‍ കഴിയുകയെന്നത് അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുമാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളും മാപ്പും കാരുണ്യവും ലഭിക്കുന്ന പുണ്യമാസം. റമദാനിന്റെ ആദ്യരാവ് മുതല്‍ പ്രസ്തുതമാസത്തിന്റെ അവസാനദിനം വരെ അത് തുടര്‍ന്നുകൊണ്ടിരിക്കും.നബിതിരുമേനി(സ) പറഞ്ഞു:’മുമ്പ് മറ്റൊരു പ്രവാചകനും ലഭിക്കാത്ത 5 ഉത്തമസൗഭാഗ്യങ്ങള്‍ എന്റെസമുദായത്തിന് ലഭിച്ചിരിക്കുന്നു.1.റമദാനിന്റെ ആദ്യരാത്രിയില്‍ അല്ലാഹു തന്റെ ദാസന്‍മാരിലേക്ക് നോക്കുന്നു. അല്ലാഹുവിന്റെ നോട്ടം ലഭിച്ച ഒരു ദാസനെയും അവന്‍ ശിക്ഷിക്കുകയില്ല.2. രാവടുക്കുന്നതോടെ വിശ്വാസിയുടെ വായിന്റെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധപൂരിതമായിരിക്കും. 3. മലക്കുകള്‍ അല്ലാഹുവിന്റെ ദാസന്‍മാര്‍ക്ക് പൊറുത്തുകൊടുക്കാന്‍ വേണ്ടി സദാസമയം പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കും. 4. സ്വര്‍ഗത്തോട് അല്ലാഹു ആജ്ഞാപിക്കും: എന്റെ വിശിഷ്ടരായ ദാസന്‍മാര്‍ക്കായി സര്‍വസജ്ജീകരണത്തോടെ ഒരുങ്ങിക്കൊള്ളുവിന്‍. അവര്‍ ഇഹലോകജീവിതത്തിലെ എല്ലാ പ്രയാസങ്ങളില്‍നിന്നും മുക്തരായി എന്റെ ബഹുമാനാദരങ്ങള്‍ക്ക് പാത്രീഭൂതരായി എന്റെ ഭവനത്തിലെത്തിച്ചേരാന്‍ പോകുകയാണ്.5. റമദാനിന്റെ അവസാനരാവില്‍ ,അല്ലാഹുവിന്റെ പ്രിയങ്കരരായ ദാസന്‍മാരുടെ എല്ലാ പാപങ്ങളും അവന്‍ പൊറുത്തുകൊടുക്കുന്നു’ ഇത്രയുമായപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ, അതാണോ ലൈലത്തുല്‍ ഖദ്ര്‍? പ്രവാചകന്‍ പ്രതിവചിച്ചു: അല്ല, തങ്ങളുടെ ജോലി പൂര്‍ത്തിയാക്കിയവര്‍ അവരുടെ വേതനം കരസ്ഥമാക്കുന്നത് നീ കണ്ടിട്ടില്ലേ.(അഹ്മദ് അല്‍ ബസ്സാര്‍) |