ജോര്‍ജ് മരിയോ ബെര്‍ഗോലിയോ പുതിയ മാര്‍പാപ്പ

 

popeവത്തിക്കാന്‍ സിറ്റി: ലോകമെങ്ങുമുള്ള 120 കോടി കത്തോലിക്കാ വിശ്വാസികളുടെ കാത്തിരിപ്പിനറുതി. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി അര്‍ജന്റീനയില്‍നിന്നുള്ള കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോലിയോ സഭയുടെ 266ാമത് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിന് പുറത്തുനിന്ന് പാപ്പയാകുന്ന ആദ്യ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യത്തെയാള്‍, ആദ്യ ജെസ്യൂട്ട് സഭാഗം എന്നീ വിശേഷണങ്ങളോടെയാണ് 76കാരനായ ബെര്‍ഗോലിയോ സഭയുടെ തലവനാകുന്നത്. ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക.
ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 11.30ന് നടന്ന നാലാംറൗണ്ട് വോട്ടെടുപ്പിലാണ് 115 കര്‍ദിനാള്‍മാര്‍ ചേര്‍ന്ന് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്.

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത് അറിയിച്ച് 11.40ഓടെ സിസ്‌റൈറന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നു. തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ മണികള്‍ മുഴങ്ങി. ബസലിക്കയുടെ ചത്വരത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ ആഹ്‌ളാദാരവങ്ങളോടെയാണ് പ്രഖ്യാപനത്തെ വരവേറ്റത്. ‘ഹബേമുസ് പാപ്പാം’ -നമുക്കൊരു പുതിയ പാപ്പയുണ്ടായിരിക്കുന്നു എന്ന ആരവമുയര്‍ന്നു.
പുതിയ പാപ്പയെ തെരഞ്ഞെടുത്തശേഷം സ്ഥാനമേറ്റെടുക്കാന്‍ തയാറാണോ എന്ന് അദ്ദേഹത്തോട് ചോദിച്ച് സമ്മതം വാങ്ങിയശേഷമാണ് ഔദ്യാഗിക പ്രഖ്യാപനമുണ്ടായത്. സമ്മതത്തിനുശേഷം പുതിയ പാപ്പയെ ഔദ്യാഗിക വസ്ത്രവും സ്ഥാന ചിഹ്നവും അണിയിച്ചു. പുതുതായി ഏത് പേരാണ് സ്വീകരിക്കുകയെന്ന് ചോദിച്ചു. പുതിയ പാപ്പ താന്‍ സ്വീകരിക്കുന്ന പേര് അറിയിച്ചു. തുടര്‍ന്ന് മുഴുവന്‍ കര്‍ദിനാള്‍മാരും ചേര്‍ന്ന് പ്രാര്‍ഥന നടത്തി. പിന്നീട് പുതിയ മാര്‍പ്പാപ്പ താനേറ്റെടുത്ത സ്ഥാനം വഹിക്കുന്നതിന് ധൈര്യവും കരുത്തും ദൈവത്തോട് യാചിക്കുന്നതിന് ‘കണ്ണുനീരിന്റെ മുറിയില്‍’ ഏകാന്തതയില്‍ പ്രാര്‍ഥന നടത്തി. ഇതിനുശേഷമാണ് രാത്രി 12.50ഓടെയാണ് പുതിയ പാപ്പ ബസലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസികളെ അനുഗ്രഹിച്ചത്.
നിങ്ങളുടെ ആശീര്‍വാദത്തോടെ പുതിയ സ്ഥാനമേറ്റെടുക്കുകയാണെന്ന് പ്രഥമ അഭിസംബോധനയില്‍ പുതിയ മാര്‍പാപ്പ പറഞ്ഞു. ഞാന്‍ നിങ്ങളെ ആശീര്‍വദിക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്നെ അനുഗ്രഹിക്കുക. ലോകം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മുന്നോട്ടുപോകട്ടെ അദ്ദേഹം പറഞ്ഞു.
ഈശോസഭാംഗമായ ബെര്‍ഗോഗ്‌ളിയോ 1936ല്‍ ബ്യൂണസ് അയേഴസിലാണ് ജനിച്ചത്. 1969ല്‍ വൈദികനായി. 1992ല്‍ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാളായി നിയമിച്ചത്. 2005ലെ കോണ്‍ക്‌ളേവില്‍ ബെനഡിക്ട് പതിനാറാമന് പിന്നില്‍ രണ്ടാമനായി ഇദ്ദേഹം എത്തിയിരുന്നുവെന്ന് അടുത്തിടെ വെളിപ്പെടുത്തപ്പെട്ടു.
ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള കര്‍ദിനാള്‍ കോണ്‍ക്‌ളേവിന്റെ രണ്ടാംദിവസം രാവിലെ നടന്ന രണ്ട് റൗണ്ട് വോട്ടെടുപ്പുകളില്‍ തീരുമാനമായിരുന്നില്ല. കോണ്‍ക്‌ളേവിന്റെ ആദ്യ ദിവസമായ ചൊവ്വാഴ്ച രാത്രി നടന്ന വോട്ടെടുപ്പിലും ഇതുതന്നെയായിരുന്നു അവസ്ഥ. ബുധനാഴ്ചത്തെ രാവിലത്തെ വിധിയെഴുത്ത് പ്രതിഫലിപ്പിക്കുന്ന കറുത്ത പുക ഇന്ത്യന്‍സമയം വൈകീട്ട് നാലരയോടെയാണ് ചെമ്പുപുകക്കുഴലില്‍നിന്ന് ഉയര്‍ന്നത്. ചാപ്പലിനു പുറത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ചെറു മഴയത്തും തടിച്ചുകൂടിയ വിശ്വാസികളെ ഫലം നിരാശപ്പെടുത്തിയെങ്കിലും അടുത്ത വോട്ടെടുപ്പോടെ ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയെ അറിയാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍.

Related Post